11:44pm 09 July 2026
NEWS
കൈരളീ കലാസമിതി സാഹിത്യോത്സവവും പുരസ്‌കാര സമർപ്പണവും.
09/07/2026  11:30 AM IST
വിഷ്ണുമംഗലം കുമാർ
കൈരളീ കലാസമിതി സാഹിത്യോത്സവവും പുരസ്‌കാര സമർപ്പണവും

ബംഗളുരു: കലാസാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നതോടൊപ്പം നഴ്സറി മുതൽ പി യു കോളജ് വരെയുള്ള ആറു വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുത്യർഹമായ രീതിയിൽ നടത്തുകയും ചെയ്യുന്ന പ്രമുഖ ജനകീയ മറുനാടൻ മലയാളിസംഘടനയാണ് കൈരളീ കലാസമിതി. സാഹിത്യപ്രവർത്തനത്തിലും ഈ സംഘടന ഏറെ മുന്നിലാണ്. മലയാളസാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് ഈ സംഘടന നൽകിപ്പോരുന്ന ഒരു ലക്ഷം രൂപയുടെ പുരസ്കാരത്തിന് ഇത്തവണ അർഹയായത് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് ആണ്. കൈരളീ കലാസമിതി സംഘടിപ്പിക്കുന്ന സാഹിത്യോത്സവവും പുരസ്‌കാരസമർപ്പണവും ഈ മാസം 12ന് വിമാനപുര കൈരളീ നിലയം ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിദ്ധ സാഹിത്യകാരനും കൈരളീകലാസമിതി പ്രസിഡന്റുമായ സുധാകരൻ രാമന്തളി അധ്യക്ഷത വഹിക്കുന്ന സമ്മേളനം സാറാ ജോസഫ് ഉൽഘാടനം ചെയ്യും. എഴുത്ത് സൃഷ്ടിക്കുന്ന സംസ്കാരം എന്ന വിഷയത്തിൽ പ്രസിദ്ധ എഴുത്തുകാരനും മാതൃഭൂമി വാരിക                പത്രാധിപരുമായ സുഭാഷ് ചന്ദ്രനും മലയാള കവിതയുടെ വർത്തമാനം എന്ന വിഷയത്തിൽ പ്രശസ്ത കവി റഫീഖ് അഹമ്മദും പ്രഭാഷണങ്ങൾ നടത്തും. മലയാള നാടകവേദി എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുന്നത് പ്രസിദ്ധ നിരൂപകൻ ഇ പി രാജഗോപാലാണ്. പ്രകാശ് ബാരെ ,കെ ആർ കിഷോർ, അനിൽ തിരുമംഗലം എന്നിവർ പങ്കെടുക്കും. ബാലസാഹിത്യകാരൻ ഓസ്റ്റിൻ അജിത്തിനെ ചടങ്ങിൽ ആദരിക്കും. കവിയരങ്ങ്, ശുഭ ദിനേഷ് അവതരിപ്പിക്കുന്ന 'ആരുടെ പതാക' ഏകാങ്ക നാടകം എന്നിവ അരങ്ങേറും. വൈകീട്ട് ആറിന് കൈരളീ കലാസമിതി മലയാളസാഹിത്യ പുരസ്കാരം കന്നഡ കവി ഡോക്ടർ ഹംപ നാഗരാജയ്യ സാറാ ജോസഫിന് സമ്മാനിക്കും. അതിന് ശേഷം കല്ലറ ഗോപൻ, ചെങ്ങന്നൂർ ശ്രീകുമാർ, റീന മുരളി എന്നിവർ നയിക്കുന്ന 'മധുരഗീതങ്ങൾ' സംഗീത വിരുന്നും ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി പി കെ സുധീഷ് അറിയിച്ചു. സുപ്രധാന സംഭാവനയാണ് വലിയൊരു പുരസ്‌കാര സമർപ്പണത്തിലൂടെ ബംഗളുരുവിലെ കൈരളീ കലാസമിതി മലയാള സാഹിത്യത്തിന് നൽകുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img